കൊച്ചി : മുന്‍ മിസ് കേരള മുന്‍ മത്സര ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ച മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് എഫ്‌ഐആറില്‍ ഒന്നാം പ്രതി. അപകടത്തിനു വഴിയൊരുക്കിയ ലഹരിമരുന്ന് ഇടപാടുകാരന്‍ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്‍ രണ്ടാം പ്രതി. മോഡലുകള്‍ അവസാനമായി പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജോസഫും ജീവനക്കാരുമാണു കേസിലെ മറ്റുപ്രതികള്‍. അറസ്റ്റിലായവരില്‍ സൈജു ഒഴികെയുള്ളവര്‍ക്കു ജാമ്യം ലഭിച്ചു കഴിഞ്ഞു.
മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കുറ്റമാണു അബ്ദുല്‍ റഹ്മാനെതിരെയുള്ളത്. സ്ത്രീകളെ മോശവിചാരത്തോടെ പിന്‍തുടര്‍ന്നു ഭയപ്പെടുത്തി അപകടത്തിനു കാരണക്കാരനായ കുറ്റമാണു സൈജുവിനെതിരെ ചുമത്തിയത്. പാര്‍ട്ടി നടന്ന ദിവസം ഹോട്ടലില്‍ സംഭവിച്ച കാര്യങ്ങള്‍ക്കു തെളിവാകുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ദുരുദ്ദേശ്യത്തോടെ നശിപ്പിച്ച കുറ്റത്തിനാണു റോയിയും ജീവനക്കാരും പ്രതികളായത്. പട്ടികയില്‍ കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പ്രതിസ്ഥാനങ്ങളില്‍ മാറ്റം വന്നേക്കും.
കേസിലെ മുഖ്യപ്രതി സൈജുവാണെന്ന നിലപാടാണു ഒരുവിഭാഗം പോലീസിനുള്ളത്. സംഭവത്തിനു ശേഷം കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലഹരിമരുന്നു സംബന്ധിച്ചാണ് ഇതില്‍ അധികവും. നമ്പര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ചു നടന്നിട്ടുള്ള ബ്ലാക്മെയിലിങ് സംബന്ധിച്ച മൊഴികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. യുവതീ യുവാക്കള്‍ക്കു ലഹരി നല്‍കി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പണംതട്ടുന്ന റാക്കറ്റ് ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. റോയിയുടെ അടുപ്പക്കാരായ ദമ്പതികളാണു യുവാക്കളെ വശീകരിച്ചു കെണിയില്‍ വീഴ്ത്തിയിരുന്നത്. ഇവര്‍ ഒളിവിലാണ്.