കൊട്ടാരക്കര : ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതികളെ ഏഴുകോണ്‍ പോലീസ് പിടികൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം കൊച്ചുള്ളൂര്‍ റോഡ് ഗാര്‍ഡന്‍സ് ചന്തവിളവീട്ടില്‍ ഹൗസ് നമ്പര്‍ മൂന്നില്‍ അഭിറാം (23), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മുസ്ലിം സ്ട്രീറ്റില്‍ ഹയാത്ത് ലീമാന്‍ പള്ളിക്ക് സമീപം പാറവിള വീട്ടില്‍ സല്‍മാന്‍ എസ്. ഹുസൈന്‍ (18), നെടുവത്തൂര്‍ ഈഴക്കാല പള്ളത്ത് വീട്ടില്‍ അഭിഷന്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈ രാജപുരം സ്വദേശിയായ നവീന്‍രാജിന്റെ മുന്നേമുക്കാല്‍ ലക്ഷം രൂപ വില വരുന്ന ബൈക്ക് പ്രതികളില്‍നിന്ന് കണ്ടെടുത്തു. എഴുകോണ്‍ പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ സംശയം തോന്നി പിടികൂടി വിശദമായി അന്വേഷിച്ചതില്‍ ഇവര്‍ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല, ഇതാണ് സംശയം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് വാഹനത്തിന്റെ എന്‍ജില്‍ നമ്പര്‍ ഉപയോഗിച്ച് വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.