ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര രാകബ് ഗഞ്ച് സന്ദര്‍ശിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് മോദിയുടെ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളോ, മോദിയോ കര്‍ഷകരെ സന്ദര്‍ശിക്കാത്തതില്‍ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോദിയുടെ ഗുരുദ്വാര സന്ദര്‍ശനവും കര്‍ഷകരെ സന്ദര്‍ശിക്കാത്തതും ഉയര്‍ത്തിക്കാട്ടി വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് സിംഘു അതിര്‍ത്തി സന്ദര്‍ശിക്കാനും അവിടെനിന്ന് ഫോട്ടോ എടുക്കാനുമാണ് സോഷ്യമീഡിയയില്‍ ഉയരുന്ന കമന്‍റുകള്‍. ഡല്‍ഹി അതിര്‍ത്തി സന്ദര്‍ശിച്ച് രാജ്യത്തിന്‍റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് മനസിലാക്കാനും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നു .
അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഗുരുദ്വാരയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ രാകബ് ഗഞ്ചിലെത്തി പ്രാര്‍ഥിച്ചതായും നിരവധിപേരെ പോലെ താനും അദ്ദേഹത്തില്‍ ആകൃഷ്ടനാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഗുരുദ്വാര സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും മോദി പങ്കുവെച്ചു.