പാറ്റ്ന: ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 തിരികെ കൊണ്ടുവരാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറില്‍ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
എല്ലാവരും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനാണ് കാത്തിരുന്നത്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ അത് പുനഃസ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തി ബീഹാറില്‍ വോട്ട് തേടാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നും മോദി ചോദിച്ചു. ഇത് ബീഹാറിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഗാല്‍വന്‍ താഴ്വരിയില്‍ ബീഹാറില്‍ നിന്നുള്ള ജവാന്മാരും വീരമൃത്യു വരിച്ചിട്ടുണ്ട്. അവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുകയാണെന്നും മോദി പറഞ്ഞു.
ബീഹാറില്‍ ഒരിക്കല്‍ക്കൂടി എന്‍ഡിഎ എന്ന് സര്‍വേകള്‍ പറഞ്ഞു കഴിഞ്ഞു. ബീഹാറിലെ ജനങ്ങള്‍ക്ക് ആര് അധികാരത്തിലെത്തണം എന്നതില്‍ വ്യക്തതയുണ്ട്. ജനങ്ങള്‍ ശരിയായ തെരഞ്ഞെടുപ്പ് നടത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.