ആലുവ : നിയമവിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. അറസ്റ്റിലായ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃപിതാവ് യൂസഫ് (63) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ തിങ്കളാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചെങ്കിലും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്കിയിരുന്നതിനാല് തള്ളുകയായിരുന്നു. സുഹൈലിന്റെ ഫോണില്‍ നിന്നും ആലുവ ടൗണ്‍ മസ്ജിദില്‍ ഇരുകൂട്ടരും നല്കിയ കത്തുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മൊഫിയ സുഹൈലിന് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത്തരത്തിലുള്ള മൊഫിയയുടെ ശബ്ദസന്ദേശങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം മൊഫിയക്ക് പലതരത്തിലുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നെന്ന നിഗമനത്തിലാണ്.
സുഹൈലിന്റെ ഭാര്യയായി മാതാപിതാക്കള്‍ ഡോക്ടറെ ആഗ്രഹിച്ചിരുന്നതായ വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. അതിനാല്‍ തന്നെ നിയമവിദ്യാര്‍ഥിയായ മൊഫിയയെ സുഹൈല്‍ നിക്കാഹ് കഴിച്ചത് വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. നിക്കാഹിനുശേഷം ഡോക്ടറല്ലാത്തതിന്റെ പേരില്‍ മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നു.
മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നതായും അന്വേഷണസംഘം പറയുന്നു. സുഹൈലിന് മൊഫിയ തന്റെ ഭാര്യയായി തുടരുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ലെന്ന്, ആലുവ ടൗണ്‍ മഹല്ല് പള്ളിയില്‍ നടത്തിയ വിവര ശേഖരണത്തില്‍ നിന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുഹൈല്‍ മഹല്ല് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.































