ന്യൂഡല്‍ഹി : കുരങ്ങുപനി സംശയിക്കുന്നവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. രോഗ ലക്ഷണമുള്ളവരുമായി സമ്പര്‍ക്കമുള്ളവരെ തുടര്‍ച്ചയായി 21ദിവസം വരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അയച്ച മാര്‍ഗ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിലവില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കുരങ്ങുപനിയുടെ ഉറവിടമല്ലാത്ത മറ്റു രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കേന്ദ്രം മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
കുരങ്ങുപനി കൂടുതല്‍ മനുഷ്യരിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന് എത്രയും വേഗത്തില്‍ പരിശോധനയും രോഗ നിര്‍ണയവും നടത്തണം. കുറഞ്ഞത് ഒരു രോഗിയിലെങ്കിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗവ്യാപനമായി കണക്കാക്കി സംയോജിത രോഗ നിരീക്ഷണപദ്ധതി വഴി വിശദമായ അന്വേഷണം നടത്തണം. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പി.സി.ആര്‍ അല്ലെങ്കില്‍ ജനിതക ശ്രേണീകരണ പരിശോധനയില്‍ സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ മാത്രമാണ് കുരങ്ങുപനിയായി ഉറപ്പിക്കുക. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍, മുറികള്‍ എന്നിവ ഉപയോഗിക്കരുത്. രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരുടെ സമ്പര്‍ക്കത്തില്‍ വരാതെ നോക്കുകയും രോഗിയെ പരിചരിക്കുന്നവര്‍ പി.പി.ഇ കിറ്റുകള്‍ ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കാനും ലക്ഷണമുള്ളവരെ നിരീക്ഷിക്കാനും തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശത്തു നിന്നുമെത്തുന്ന രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ ആശുപത്രികളോട് പശ്ചിമ ബംഗാള്‍ സര്‍ക്കാറും നിര്‍ദേശിച്ചിട്ടുണ്ട്.