കോട്ടയം : പി.സി തോമസ് വിഭാഗം കൂടി ലയിക്കുന്നതോടെ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നേറുമെന്ന് കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം.എല്‍.എ.
പി.സി തോമസ് വിഭാഗവുമായി ലയിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. കേരളാ കോണ്‍ഗ്രസ് ഇനി ബ്രാക്കറ്റില്ലാത്ത യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആയി മാറിയെന്നും മോന്‍സ് ജോസഫ്.
സൈക്കിള്‍ ചിഹ്നം ലഭിക്കാന്‍ ഇലക്ഷന് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ പാര്‍ട്ടി കൂടിയാലോചിച്ച് മറ്റൊരു ചിഹ്നം തീരുമാനിക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. പി.ജെ ജോസഫിന്റെ നേതൃത്വം അംഗീകരിച്ചുകൊണ്ടാണ് പി.സി തോമസ് വിഭാഗം മുന്നണിയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ചെയര്മാന് സ്ഥാനം പി.ജെ ജോസഫിന് തന്നെയായിരിക്കും. തൊട്ടടുത്ത സ്ഥാനം പി.സി തോമസിനായിരിക്കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.