കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിക്കുകയും അവിടെ ബീറ്റ് ബോക്സ് വെയ്ക്കുന്നതിന് ഉത്തരവിടുകയും ചെയ്ത ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം, ട്രാഫിക് ഐജി ജി.ലക്ഷ്മണ എന്നിവരുടെ മൊഴിയാണ് രേഖാമൂലം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് രേഖപ്പെടുത്തിയത്.
മോൻസനെതിരായ പരാതികളിൽ ഇടപെട്ടെന്നത് ഉൾപ്പടെയുള്ള ഗൗരവമായ ആരോപണം നിലനിൽക്കെയാണ് ലക്ഷ്മണയുടെ മൊഴിയെടുത്തിരിക്കുന്നത്. മോൻസനും ലക്ഷ്മണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസന്റെ മകളുടെ വിവാഹ നിശ്ചയത്തിലും ലക്ഷ്മൺ പങ്കെടുത്തതിന്റെ വിവരങ്ങളും പുറത്തുവന്നു. മോൻസന്റെ വീട് സന്ദർശിച്ച സാഹചര്യം ഉൾപ്പടെയുള്ള വിവരങ്ങളാണ് മനോജ് ഏബ്രഹാമിൽനിന്ന് ശേഖരിച്ചത്.
മോൻസൻ മാവുങ്കലിനെതിരായ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അടിയന്തരമായി മുൻ ഡിജിപി ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്തിരിക്കുന്നത്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി സർക്കാരിനോടു റിപ്പോർട്ടു തേടിയിരുന്നു. മോൻസനനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് പ്രതിയുടെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി ഇ.വി അജിത്ത് നൽകിയ ഹർജി പരിഗണിക്കുമ്പോഴാൾ കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയോ എന്നു കോടതി ചോദിച്ചിരുന്നു.