ന്യൂഡല്‍ഹി : മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കകം ഇത് സംബന്ധിച്ച് അന്തിമതീരുമാനം അറിയിക്കണമെന്നും നിര്‍ദേശിച്ച കോടതി കേസ് സെപ്തംബര്‍ 28ലേക്ക് മാറ്റി. മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം എടുക്കേണ്ടത് ബേങ്കേഴ്‌സ് അസോസിയേഷനെന്ന് കേന്ദ്രസര്‍ക്കാറും അതല്ല, മൊറട്ടോറിയത്തിലും പിഴപ്പലിശയിലും അന്തിമതീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് ബേങ്കേഴ്‌സ് അസോസിയേഷനും സുപ്രീംകോടതിയില്‍ വാദിച്ചു.
അന്തിമതീരുമാനം ആരുടേതെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് പറഞ്ഞേ തീരൂവെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കോടതി പറഞ്ഞു.
മൊറട്ടോറിയം കാലാവധി നീട്ടുന്നതിനെക്കുറിച്ചും പിഴപ്പലിശ ഈടാക്കുന്നതിനെക്കുറിച്ചും ബേങ്കുകളുമായി ചര്‍ച്ച നടന്നുവരികയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ രണ്ടാഴ്ച വേണമെന്നും, അതിനാല്‍ അത് വരെ കേസ് നീട്ടി വെയ്ക്കണമെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് 31 വരെ കിട്ടാക്കടമാകാത്ത ബാങ്ക് വായ്പകള്‍ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.