തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴകനക്കുമെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. രാത്രിയോടെ തീവ്രമാവും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാദ്ധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്കും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാറ്റ് ശക്തമാകാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലര്‍ച്ചയോടെ മഴ ശമിച്ചിരുന്നു.
ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ല. മഴമുന്നറിയിപ്പിനെ തുടര്‍ന്ന് നാലായിരത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാറസ ക്യാമ്പുകളില്‍ കഴിയുകയാണ്. പ്രളയമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.