കൊച്ചി : കളമശേരി മെഡിക്കല്‍ കോളജിനെതിരെ പരാതിയുമായി ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി രാധാമണിയുടെ ബന്ധുക്കള്‍ രംഗത്ത്. കോവിഡ് രോഗിയല്ലായിരുന്നിട്ടും കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിക്കേണ്ടി വന്നതും രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വെച്ച് നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പനിയും കഫക്കെട്ടുമടക്കം കോവിഡ് രോഗലക്ഷണങ്ങളോടെ രാധാമണിയെ ജൂലൈ 20നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്.
രാധാമണി ഗുരുതരാവസ്ഥയിലാണെന്ന് 22ന് ബന്ധുക്കളെ അറിയിച്ചു. തൊട്ടു പിന്നാലെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അറിയിപ്പുവന്നു. രോഗിയെ വിദഗ്ധ ചികില്‍സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാമെന്ന് അറിയിപ്പ് വന്നതിനെ തുര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സുമായി ആശുപത്രിയിലെത്തി. പക്ഷേ അപ്പോഴേക്കും രാധാമണി മരണമടഞ്ഞു. കോവിഡ് പരിശോധനാഫലം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികില്‍സ നല്‍കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.
മകള്‍ വിദ്യാദാസ്, മരുമകന്‍ പ്രസന്നകുമാര്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. മക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കോവിഡില്ലെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച് കാരിബാഗിലാണ് മൃതദേഹം കൈമാറിയത് . സംസ്കാരം മാനദണ്ഡപ്രകാരമാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ രാധാമണിയുടെ മുഴുവന്‍ ആഭരണങ്ങളുമില്ലായിരുന്നു.
ഇതേക്കുറിച്ച് ജൂലൈ 27ന് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാധാമണിയുടെ മരണത്തെക്കുറിച്ചും ആഭരണങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.