ദില്ലി: കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ ലഭിക്കേണ്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും തമിഴ്നാടും ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 50 ഉം അതിനു മുകളിലും പ്രായമുള്ളവര്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം വാക്സിന്‍ ലഭിക്കും. ജനസംഖ്യ കുറവാണെങ്കിലും ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയേക്കാള്‍ കൂടുതല്‍ വാക്സിനുകള്‍ ഇത്തരത്തില്‍ തമിഴ്‌നാട്ടിന് ലഭിക്കും. ബീഹാറിലെ ആകെ ജനസംഖ്യ 12.3 കോടി ആണ്. തമിഴ്നാട്ടിലെ ജനസഖ്യയാവട്ടെ 7.6 കോടിയും. എന്നാല്‍ ബീഹാറില്‍ 1.8 കോടി ആളുകള്‍ മാത്രമാണ് 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍, എന്നാല്‍ തമിഴ്നാട് ജനസഖ്യയിലെ 2 കോടി പേരും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്താതിമര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ വിഹിതം വാക്സിനുകള്‍ ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീഹാര്‍ പോലുള്ള ശരാശരി പ്രായം കുറഞ്ഞ ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിലും കോമോര്‍ബിഡിറ്റികളുള്ള രോഗികളുടെ എണ്ണം വളരെ കുറവാണ്.
അതേസമയം, വാക്സിനേഷന്‍ ആവശ്യമുള്ള ജനസംഖ്യയുടെ ശതമാനം അനുസരിച്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-20 ല്‍ നിന്ന് അടുത്തിടെ പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് പ്രമേഹവും രക്താതിമര്‍ദ്ദവും ഉള്ള ജനസംഖ്യയുടെ ഏറ്റവും ഉയര്‍ന്ന അനുപാതം കേരളത്തിലാണെന്നാണ്. കേരളത്തില്‍ ഏകദേശം 1 കോടി ആളുകള്‍ ഇത്തരം രോഗബാധിതരാണ്. ഇത് മൂലമാണ് കേരളവും മുന്‍ഗണനാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ള സംസ്ഥാനമായി മാറുന്നത്.
50 ന് മുകളില്‍ പ്രായമുള്ളവര്‍, 4 കോടി ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സ്, ഹെല്‍ത്ത് കെയര്‍ സ്റ്റാഫ്, പോലീസുകാര്‍, 50 വയസ്സിന് താഴെയുള്ള പ്രമേഹ രോഗികള്‍ എന്നിവരടക്കം ആദ്യ ഘട്ടത്തില്‍ ജനസംഖ്യയുടെ 19. 5% കുത്തിവെയ്പ്പ് നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മാനദണ്ഡമനുസരിച്ച്, ഉത്തര്‍പ്രദേശിന് പരമാവധി ഡോസുകള്‍ ലഭിക്കും, കാരണം സംസ്ഥാനത്ത് താമസിക്കുന്ന ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേര്‍ 50-ല്‍ കൂടുതല്‍ പ്രായമുള്ളവരാണ്. ആ ക്രമത്തില്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവയാണ് അടുത്തതായി വരുന്നത്.
അതേസമയം, കൊവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ കുത്തിവെയ്പ്പ് ആരംഭിക്കും. വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. വാക്സിന്‍റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.