ഡൽഹി : ലോക്ഡൗണിന്റെ മൂന്നാം ആഴ്ചയിലും വീടുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ കമ്മീഷന് 123 ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചു. ലോക്ഡൗണ്‍ കാലത്തേക്ക് വനിതാ കമ്മീഷന്‍ പുതിയ ഹെല്‍പ് ലൈന്‍ തുടങ്ങി. ലോക്ഡൗണ്‍ കാലത്ത് സ്ത്രീ സുരക്ഷയ്ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന്‍റെ പുതിയ കണക്കും വ്യക്തമാക്കുന്നത്.
രാജ്യം നിശ്ചലമായ 18 ദിവസം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 11 പരാതികളും സ്ത്രീധനവുമായി ബന്ധപ്പെട്ട് 21 പരാതികളും കിട്ടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ലഭിച്ചത് 27 പരാതികള്‍. കഴിഞ്ഞ 21 മുതല്‍ ഇന്നലെ വരെ ലഭിച്ച മൊത്തം ഓണ്‍ലൈന്‍ പരാതികള്‍ 370. ലോക്ഡൗണിന് മുന്‍പുള്ള മൂന്നാഴ്ചക്കാലത്തേക്കാള്‍ ഇരട്ടി വര്‍ധനവെന്നാണ് വിലയിരുത്തല്‍.
ലോക്ഡൗണ്‍ കാലത്ത് പരാതിപോലും നല്‍കാനാവാതെ നിശ്ശബ്ദരാക്കപ്പെട്ട ആയിരങ്ങളുണ്ടാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇവര്‍ക്കായാണ് വാട്സാപ്പ് ഹെല്‍പ് ലൈന്‍ തുറന്നത്. ലോക്ഡൗണ്‍ കാലത്ത് 7217735372 എന്ന നമ്പരില്‍ പരാതി അറിയിക്കാം. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍ദ്ദേശം നല്‍കിയിരുന്നു.