തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അഞ്ച് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ടി.പി.ആറും പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും ഉയര്‍ന്ന തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കോട്ടയം, തൃശൂര്‍ തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി.
അത്യാവശ്യ യോഗങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേരണം. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ ആഘോഷങ്ങള്‍ കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണം. ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. ടി.പി.ആര്‍. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കര്‍ശനമായ കോവിഡ്-19 പ്രോട്ടോകോള്‍ പാലിക്കണം.
ബസ്സുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി. ടി.പി.ആര്‍ 48 ശതമാനമായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രത്യേക അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്. മാളുകള്‍ക്കും നിയന്ത്രണമുണ്ട്.