കാളികാവ്: കാളികാവ് കരുവാരക്കുണ്ട് മലവാരങ്ങളിൽ ജനവാസകേന്ദ്രങ്ങൾക്കരികിൽ അവശനിലയിലായ കടുവയെ കണ്ടതോടെ മേഖലയിൽ ഒന്നിലേറെ കടുവകളുണ്ടെന്ന സംശയം ബലപ്പെട്ടു. നേരത്തേ ക്യാമറകളിൽ പതിഞ്ഞത് അധികം പ്രായമില്ലാത്ത കടുവയാണ്. ഈ കടുവയാണ് ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൊലപ്പെടുത്തിയതെന്നാണു കരുതുന്നത്. കഴിഞ്ഞദിവസം കണ്ട പ്രായാധിക്യമുള്ള കടുവ ഇരപിടിക്കാൻകഴിയാതെ അവശതയിലാണെന്ന് അധികൃതർ പറയുന്നു. നേരിട്ടും ക്യാമറകളിൽ പതിഞ്ഞതുമായ ദൃശ്യങ്ങൾ പരിശോധിച്ചാണ് വെറ്ററിനറി ഡോക്ടർമാർ ഈ നിഗമനത്തിലെത്തിയത്. അടയ്ക്കാക്കുണ്ടിൽ 13 ദിവസം മുൻപാണ് ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കടുവ ആക്രമിച്ച് 300 മീറ്ററിലേറെ വലിച്ചുകൊണ്ടുപോയശേഷം ശരീരഭാഗം ഭക്ഷിച്ചത്.
ക്യാമറയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ച് അക്രമിയായ കടുവ നാലുവയസ്സായതാണെന്ന നിഗമനത്തിൽ അധികൃതരെത്തി. എന്നാൽ കരുവാരക്കുണ്ട് മേഖലയിൽ ജനവാസകേന്ദ്രങ്ങൾക്കരികിലായി പിന്നീട് മൂന്നുതവണയും കണ്ടത് അവശനിലയിലായ കടുവയെയാണ്. ആളുകളെ കണ്ടപ്പോൾ ആക്രമണത്തിനു മുതിരാതെ കടുവ തിരിച്ചുനടന്നു. വനപാലകരടങ്ങുന്ന സംഘം രണ്ടുദിവസം മുൻപ് കടുവയെ നേരിട്ട് കണ്ടിരുന്നു. ആക്രമിക്കാൻനിൽക്കാതെ കടുവ നടന്നുനീങ്ങിയത് അവശതയാണു വ്യക്തമാക്കുന്നതെന്നും ഇതിന് 14 വയസ്സായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. 15 വയസ്സാണ് കടുവകളുടെ പരമാവധി ആയുസ്സായി പറയുന്നത്.ജനവാസകേന്ദ്രങ്ങൾക്കരികിലൂടെ തുരുമ്പോട എസ്റ്റേറ്റ് ഭാഗത്തേക്കാണ് കടുവ നീങ്ങിയിട്ടുള്ളത്. ആളുകളുടെ ബഹളവും സാന്നിധ്യവുമാണ് ഇവയെ പിടികൂടുന്നതിനു തടസ്സമായി അധികൃതർ പറയുന്നത്.