തിരുവനന്തപുരം : അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജിന് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് കേരളം സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലാണെന്നും രാജ്യത്തിന് കേരളം മാതൃകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. നെഗറ്റിവ് വാക്‌സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്‌സിന്‍ പാഴാക്കാത്തതിലും അദ്ദേഹം സംസ്ഥാനത്തെ അഭിനന്ദിച്ചു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇതിനോടകം രണ്ട് തവണയാണ് കേന്ദ്ര സംഘം കേരളത്തില്‍ എത്തിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊറോണ വ്യാപനം കുറയാത്ത സാഹചരത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി നേരിട്ടെത്തിയത്.