കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും ഷീറ്റുകളും കയറ്റികൊണ്ടുപോയ പിക് അപ് വാന്‍ ഉടമയ്ക്ക് എതിരേ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ 33,250 രൂപ പിഴയടയ്ക്കുവാന്‍ കോന്നി എം.വി.ഡി നോട്ടീസ് നല്‍കി. കുമ്പഴ – കോന്നി റോഡില്‍ യാത്ര ചെയ്തിരുന്ന പിക് അപ് വാനിലാണ് ഷീറ്റുകളും സ്ക്വയര്‍ ട്യൂബുകളും കയറ്റി മറയ്ക്കാതെ യാത്ര ചെയ്തത്. വാനിന് പുറകില്‍ വരുന്ന ബൈക്ക് യാത്രികര്‍ക്ക് ഉള്‍പ്പെടെ അപകടം വരുത്തുന്ന രീതിയിലായിരുന്നു പിക് അപ് വാനിന്റെ യാത്ര. അപായ സൂചനപോലും നല്‍കുവാന്‍ വാന്‍ ഡ്രൈവര്‍ തയ്യാറായിരുന്നില്ല.
വാഹനത്തിന് പുറകില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ ഫിറോസ് എന്നയാള്‍ ഇത് കാണുകയും കോന്നി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് വിവരം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കോന്നി എം.വി.ഡി വാഹനം പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴയീടാക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ സമാനമായ രീതിയില്‍ ഇരുമ്പ് പൈപ്പുകള്‍ കൊണ്ടുപോവുകയും ശരിയായ രീതിയില്‍ മുറുക്കി കെട്ടാത്തതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും പൈപ്പ് താഴേയ്ക്ക് വീണ് യാത്രക്കാരന്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോന്നി – കുമ്പഴ റോഡില്‍ നടന്ന ഈ നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ചത് എന്നും കോന്നി എം.വി.ഡി പറഞ്ഞു.































