കുമ്പഴ : തിരുവല്ല – കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ കുമ്പഴയില്‍ നിന്നും ആരംഭിച്ചു. ബി.എം & ബി.സി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്യുവാന്‍ റോഡിലെ നിലവിലുള്ള ടാറിംഗ് ഇളക്കിമാറ്റുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പത്തുകോടി രൂപയോളമാണ് തിരുവല്ല – കുമ്പഴ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ കുമ്പഴ മുതല്‍ പത്തനംതിട്ട വരെ 5.75 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. അബാന്‍ ജംഗ്ഷനിലും കുമ്പഴ – പത്തനംതിട്ട റോഡിന്റെ മധ്യ ഭാഗത്തുമായി രണ്ട് കലുങ്കുകളും നിര്‍മ്മാണം പൂര്‍ത്തിയിട്ടുണ്ട്. മഴക്കാലത്ത് ഈ ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ട് റോഡ് തകര്‍ച്ചയ്ക്ക് കാരണമായി തീര്‍ന്നിരുന്നു. ഇത് ഒഴിവാക്കാനാണ് കലുങ്ക് സ്ഥാപിച്ചത്.
കൂടാതെ കുമ്പഴ മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡ് പലയിടത്തും ഉയര്‍ന്നും താഴ്ന്നും കിടക്കുന്നത് വാഹനയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കാന്‍ റോഡ് താഴ്ന്നുകിടക്കുന്ന ഭാഗത്ത് ഉയര്‍ത്തുകയും വലിയ കയറ്റങ്ങള്‍ കുറയ്ക്കുകയും ചെയ്യും. റോഡിന്റെ ഓടകളുടെ നിര്‍മ്മാണം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിക്കുകയും പകുതിയോളം പണികള്‍ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഓടകള്‍ ഇനിയും പലയിടത്തും പൂര്‍ത്തിയാകാനുണ്ട്. ഒന്‍പത് മാസമാണ് കരാര്‍ കാലാവധി. പൊതുമരാമത്ത് റോഡ് വിഭാഗം പത്തനംതിട്ട സെക്ഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 2027 ജനുവരിയോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.































