മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രധാനകേന്ദ്രമാണ് വെണ്ണിക്കുളം. അതേപോലെ അവഗണനയുടെ കാര്യത്തിലും ഒന്നാമതാണ് ഈ ദേശം. ടൗണിൽ നിന്നുതിരിയാൻ ഇടമില്ല. ഉള്ള സ്ഥലമാകട്ടെ കൈയേറ്റം കാരണം അനുദിനം നഷ്ടമാവുകയും ചെയ്യുന്നു. മുൻപ് വാഹനങ്ങൾ നിർത്തിയിടാൻ ഉപകരിച്ചിരുന്ന പൊതുഇടങ്ങളെല്ലാം സ്വകാര്യവ്യക്തികൾ സ്വന്തമാക്കിയിരിക്കയാണ്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലെ പ്രധാന കേന്ദ്രമായിട്ടും ഇതാണ് അവസ്ഥ. ബസ് സ്റ്റോപ്പുകൾ മാറ്റി നിർണയിച്ച് ബോർഡുകൾ വെച്ചിട്ടും യാത്രക്കാർക്ക് പ്രയോജനമില്ല. പലയിടവും സ്വകാര്യവാഹനങ്ങൾ കൈയടക്കിയിരിക്കയാണ്.
പാർക്കിംഗിന് ഇവിടെ തീരെ ഇടമില്ല. പ്രധാനപ്പെട്ട റോഡുകളിൽ പോലും വിളക്കുകളില്ല. വാളക്കുഴി, മല്ലപ്പള്ളി റോഡുകൾ ഒന്നിക്കുന്ന എസ്.ബി.സ്കൂൾ കവലയിലെ പാലം പുതുക്കാൻ നടപടിയില്ല. ഇടുങ്ങിയപാലം ഗതാഗതതടസ്സത്തിന് പ്രധാന കാരണമാണ്. പാലത്തിന്റെ കൈവരികൾ കടന്ന് കാടുവളർന്ന് നിൽക്കുന്നു. കാട്ടുചേമ്പ് നിറഞ്ഞ തോട്ടിലൂടെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്. തോടുകൾക്ക് ആഴം ഇല്ലാത്തതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കം വളരെ പെട്ടെന്നാണ്. ഇങ്ങനെ തീരാത്ത പരാതികളാണ് നാടിന്. വെണ്ണിക്കുളത്തെ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന് മല്ലപ്പള്ളി താലൂക്ക് വികസന സമിതി പലവട്ടം ആവശ്യപ്പെട്ടതാണ്. ഇവിടുത്തെ കാര്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനസ്സുവെയ്ക്കുന്നില്ലെന്നുകാട്ടി ജില്ലാ പോലീസ് അധികാരിക്കുവരെ താലൂക്ക് വികസനസമിതി പരാതി നൽകിയിരുന്നു. ഇതുവരെ ഫലമൊന്നുമില്ല.