തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പദവിക്കു നിരക്കാത്ത പണിയാണ് അടൂർ പ്രകാശ് ചെയ്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. പ്രതിരോധം സൃഷ്ടിക്കേണ്ട കൺവീനർ പത്ര സമ്മേളനം വിളിച്ച് സംസാരിച്ചത് സ്വന്തം താല്പര്യം ആണ്. പാർട്ടി ഫോറങ്ങളിൽ പറയേണ്ടത് പത്ര സമ്മേളനത്തിൽ പറഞ്ഞത് ശരിയല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഇവിടെ നടക്കുന്ന നിയമനങ്ങളിൽ തനിക്കും അഭിപ്രായങ്ങളുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പത്ര സമ്മേളനം ശരിയല്ല. ഇവിടെ പാർട്ടി നേതൃത്വമില്ലാത്ത സാഹചര്യമാണ്. കെപിസിസി പുന സംഘടിപ്പിക്കണം. പാർട്ടിക്ക് പ്രത്യേകം നേതൃത്വം വരണം.
നിലവിലെ കെപിസിസി പ്രസിഡന്റ് തുടരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പോരാ, രേഖാമൂലം എഴുതി നൽകണം. അപ്പോൾ തീരുമാനം ഉണ്ടാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അടൂർ പ്രകാശ് ഒരക്ഷരം മിണ്ടിയതായി അറിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെപിസിസിക്ക് പരാതി ഉണ്ടെങ്കിൽ പ്രസിഡന്‍റ് ആണ് പറയേണ്ടത്. യുഡിഎഫ് കൺവീനർ അല്ല പറയേണ്ടത്. സർക്കാരിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് അല്ലെ. എല്ലാവരും മന്ത്രിമാരായപ്പോൾ എല്ലാവരും കൂടി ആലോചിച്ചു ആണ് തീരുമാനിക്കുന്നത് എന്നാണ് കരുതിയത്. സർക്കാരിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ എഐസിസി നേതൃത്വത്തെ അറിയിക്കാം. പറയാൻ ഉള്ളത് പറയേണ്ടിടത്ത് പറയാൻ ധൈര്യം കാണിക്കണം. അല്ലാതെ അനവസരത്തിൽ മാധ്യമങ്ങളോട് അല്ല പറയേണ്ടതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.




























