തിരുവനന്തപുരം: ഒരേസമയം ബി.ജെ.പിയെയും കോൺഗ്രസിനെയും വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ കോണ്‍ഗ്രസ് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോയെന്നാണ് സംശയമെന്ന് റിയാസ് പരിഹസിച്ചു. ഇപ്പോള്‍ വന്ദേഭാരത് മംഗലാപുരത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസ് മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണെന്നും റിയാസ് പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ആരാണ്? സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫുമാണ് മുഖ്യമന്ത്രി ശത്രുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അണികളോട് പറയുന്നത്. രാത്രി ഗുഡ് നൈറ്റ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ ബി.ജെ.പിയാണ്’, മുഹമ്മദ് റിയാസ് പരിഹസിച്ചു.
അതേസമയം, രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. തേവര ജംക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാകും പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തുക. പരിപാടിയിൽ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സമീപകാലത്തു ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി പ്രസംഗിക്കും.