റാന്നി: പ്രളയത്തില്‍ തകര്‍ന്ന മുക്കം കോസ്‌വേയുടെ കൈവരികളും കോണ്‍ക്രീറ്റ് പാളികളും പുന:സ്ഥാപിക്കാത്തത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. 2018ലെ പ്രളയത്തില്‍ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നു. 2021 ലെ വെള്ളപ്പൊക്കത്തിലാണ് കോണ്‍ക്രീറ്റ് പാളികള്‍ നശിച്ചത്. വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന പാതയാണിത്. അടിച്ചിപ്പുഴ മുക്കം പ്രദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മുങ്ങാറുണ്ട്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ തടികള്‍ ഇടിച്ചാണ് കൈവരികള്‍ നശിച്ചത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കോസ്‌വേയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാകും. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.
കോസ്‌വേക്ക് പകരം പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതര്‍ അവഗണിക്കുകയാണ്. മുക്കത്തിനു പുറമെ അടിച്ചിപ്പുഴ, നാറാണംമൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അത്തിക്കയത്ത് പോകാതെ പെരുനാട്, മടത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പ മാര്‍ഗമാണ് കോസ്‌വേ. കൈവരി സ്ഥാപിക്കാന്‍ പെരുനാട് പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.