തിരുവനന്തപുരം : ഭക്ഷ്യകിറ്റ് വിതരണത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും ഇന്നും രംഗത്ത് എത്തി. അന്യന്റെ ചട്ടിയില്‍ നിന്നും അന്നം കൈയ്യിട്ട് വാരുന്നവരെ തുറന്നു കാട്ടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്നം മുട്ടിക്കാനല്ല യുഡിഎഫ് ശ്രമിച്ചതെന്നു കെ.സി. വേണുഗോപാലും പറഞ്ഞു. കിറ്റ് വൈകിപ്പിച്ച് ഇപ്പോള്‍ നല്‍കുന്നതിനെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റു നല്‍കുന്നത് സര്‍ക്കാരിന്റെ മേന്മയല്ല, കടമയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.