തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന് മുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു . മുന്നണി വിട്ട എല്‍ ജെ ഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും സീറ്റുകളുടെ കാര്യത്തില്‍ യു ഡി എഫ് ഘടകകക്ഷികള്‍ക്ക് തര്‍ക്കമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് യാഥാര്‍ഥ്യബോധമുള്ള പാര്‍ട്ടിയാണ്. കെ മുരളീധരനെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാണി സി കാപ്പനെ സ്വീകരിക്കുന്നത് നയങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെന്നും ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി. എ ഐ സി സിയുടെ അനുമതി ഇതിന് വേണമെന്നും കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെത് അപകടകരമായ രാഷ്ട്രീയമെന്നും ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും എ വിജയരാഘവന് രാഷ്ട്രീയ ചരിത്രബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി .