ന്യുഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി ഉത്തരവ്. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കൈമാറിയാണ് സുപ്രീംകോടതി ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയാണ് ക്രമീകരണം നിലനില്‍ക്കുക.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍നോട്ട സമിതിയില്‍ പൊതുജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. അത്തരം പരാതികള്‍ സമിതി പരിശോധിച്ച് തീര്‍പ്പാക്കണം. കേരളവും തമിഴ്‌നാടും ഡാമുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ പരാതികളും ആവശ്യങ്ങളും മേല്‍നോട്ട സമിതി പരിഗണിക്കും.





























