പത്തനംതിട്ട : ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് സാഹിത്യമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ സംസ്ഥാന കവിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തിലൂടെയുള്ള സഞ്ചാരം എഴുത്തുകാരന്റെ ചര്യയാണ്. ഈ സഞ്ചാരത്തിലൂടെ മാത്രമേ എഴുത്തുകാരന്‍ പൂര്‍ണതിയിലെത്തുകയുള്ളൂ. ഭൂതകാലമാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മൂലൂര്‍ സ്മാരകത്തിലെ സ്മൃതി മണ്ഡപത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സത്യാനന്തര കാലത്തെ സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.പി. സോമന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു, കമ്മിറ്റിയംഗങ്ങളായ രാജന്‍ വര്‍ഗീസ്, പിങ്കി ശ്രീധര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെബ്രുവരി 8, 9 തീയതികളില്‍ കവിതാ ക്യാമ്പ് തുടരും. ശനിയാഴ്ച ‘വായനക്കാരുടെ കവിത’ എന്ന വിഷയത്തില്‍ ഇ.പി രാജഗോപാലന്‍ ക്ലാസ് എടുക്കും. ഉച്ചയ്ക്ക് ‘കവിത പരിഭാഷയില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം അജീര്‍കൂട്ടി ക്ലാസ് എടുക്കും. ഞായറാഴ്ച രാവിലെ ‘പുതിയ കാലം: കവിയും നിലപാടുകളും’ എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസ് നടക്കും.