എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ സംഗമ സ്ഥാനമായ എരുമേലിയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണനയിൽ. എരുമേലി ഗ്രാമ പഞ്ചായത്തിലും കാളകെട്ടി വഴിയുള്ള കാനനപാത വഴി സഞ്ചരിക്കുന്ന അയ്യപ്പ ഭക്തര്‍ക്കും മല കയറുന്നവര്‍ക്കും ഹൃദയാഘാതം മുതലായ അസുഖങ്ങള്‍ ഉണ്ടായാല്‍ 70 കിലോമീറ്ററിലധികം ദൂരെയുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതുമൂലം ശബരിമല ഭക്തരും തദ്ദേശവാസികളും ബുദ്ധിമുട്ടുകയാണ്.
ശബരിപാതയിലെ കണമലയില്‍ മൂന്ന് അപകടങ്ങളിലായി 37 പേരുടെ ജീവനാണ് അപഹരിച്ചത്. അടിയന്തിര വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഭക്തരുടേയും നാട്ടുകാരുടേയും നിരന്തരമായ ആവശ്യം ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എരുമേലിയില്‍ അനുവദിക്കുക എന്നതു മാത്രമാണ്. ആയതിനാല്‍ നിര്‍ദ്ദിഷ്ട എരുമേലി എയര്‍ പോര്‍ട്ടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, സ്ഥലം എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്ക് പമ്പാവാലി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ബിനു നിരപ്പേല്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായി സാമൂഹ്യ കേന്ദ്രം എരുമേലിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപതിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകര്യക്കുവാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കോട്ടയം ഡിഎംഓയെ ചുമതലപ്പെടുത്തി.