റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ദമ്മാമിൽ 30-ഓളം നിലകളുള്ള വാണിജ്യ സമുച്ചയത്തിൽ വൻ തീപിടുത്തം. നഗരത്തിലെ അൽ അമാമ്ര മേഖലയിലുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി തീപിടുത്തമുണ്ടായത്. മലയാളികളടക്കം നിരവധി പ്രവാസി വ്യവസായികളുടെ ഓഫീസുകളും വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടമായതിനാൽ സംഭവം വലിയ ആശങ്കയ്ക്കിടയാക്കി. ലഭ്യമായ വിവരങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ ഉടൻ തന്നെ സൗദി സിവിൽ ഡിഫൻസ്, പോലീസ്, മറ്റ് അടിയന്തര രക്ഷാസേനകൾ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ശക്തമായ ശ്രമമാണ് തുടരുന്നത്. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സിവിൽ ഡിഫൻസ് സംഘത്തിന്റെ നേതൃത്വത്തിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.




























