ന്യൂഡൽഹി : സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. പരാമർശത്തിൽ നേതൃത്വത്തിൽ കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. രാഹുൽഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണെന്നും ബിജെപിക്ക് വടികൊടുത്തെന്നും നേതാക്കൾ പറയുന്നു. എന്നാൽ പരാമർശത്തിൽ വിശദീകരണവുമായി തരൂർ രംഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചുവെന്നും പാർട്ടിക്കും നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നാരുന്നു ശശി തരൂരിൻ്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകും എന്നും തരൂർ പറഞ്ഞു. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പ്രസ്താവന.


























