മുംബൈ : മുംബൈയ്ക്കടുത്ത് ഉല്ലാസ് നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 1995ല്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത്. ഈ ഭാഗത്തുണ്ടായിരുന്നവരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടിരിക്കുന്നതെന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തിയതോടെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ആളുകളെ രക്ഷപെടുത്താനായി.
അപകടകരമായ അവസ്ഥയിലുണ്ടായിരുന്ന കെട്ടിടത്തിന് നോട്ടീസ് നല്കിയിരുന്നതായാണ് അധികൃതര്‍ പറയുന്നത്. ഈ പ്രദേശത്ത് 95 കാലഘട്ടത്തില്‍ നിരവധി അനധികൃത കെട്ടിടങ്ങളാണ് പണി തീര്‍ത്തിട്ടുള്ളത്. പല കെട്ടിടങ്ങളും അറ്റകുറ്റ പണികള്‍ പോലും ചെയ്യാതെ ജീര്‍ണിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഗത്യന്തരമില്ലാതെ താമസിക്കുന്നവരാണ് ഭൂരിഭാഗവും. മുംബൈയില്‍ കെട്ടിട ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുവാനുള്ള പ്രധാന കാരണവും ഇതാണ്.