കൊച്ചി : മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് വസ്‌തുവകയല്ലെന്ന് ജുഡീഷ്യൽ കമ്മീഷന് കണ്ടെത്താനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ കൈയിലുള്ള രേഖകളുടെ നിയമസാധുതയെന്തെന്ന് ആരാഞ്ഞ കോടതി ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കമ്മീഷനെ നിയോഗിക്കാനാകുമോയെന്നും ചോദിച്ചു. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് ചോദ്യംചെയ്ത് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായരുന്നു ഹൈക്കോടതി. ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുനമ്പത്തെ വഖ്ഫ് വസ്തുവക സർക്കാരിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ പറഞ്ഞു.
മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി ഉടമസ്ഥതക്ക് മതിയായ രേഖകളുണ്ട്. അവരുടെ പ്രശ്‌നങ്ങൾ പഠിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കൈയേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ ശ്രമമെന്ന് വഖ്ഫ് സംരക്ഷണ വേദി കോടതിയിൽ വാദിച്ചു. ഭൂമിയുടെ അവകാശത്തിൽ വഖ്ഫ് ട്രൈബ്യൂണൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്മേൽ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. മുനമ്പം ജുഡീഷ്യൽ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നപ്പോഴായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എൻ രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമോ അർധ ജുഡീഷ്യൽ അധികാരമോ ഇല്ലെന്നും വസ്‌തുതാ അന്വേഷണമാണ് കമ്മീഷൻ മുനമ്പത്ത് നടത്തുന്നതെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.