ചേളന്നൂര്‍ : ഭര്‍തൃപീഡനത്തെക്കുറിച്ച് അന്വേഷിക്കാനായെത്തിയ ബന്ധുവിനെ കുത്തിയതിന് യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. പാലത്ത് പാറപ്പുറത്തു പൊയില്‍ അനില്‍ കുമാറിനെയാണ് (47) നെഞ്ചില്‍ കുത്തേറ്റനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഞായറാഴ്ച രാത്രി പാലോളിത്താഴത്തിനുസമീപം റോഡിലാണ് സംഭവം നടന്നത്. അനില്‍ കുമാറിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സംഗീതിനെതിരെയാണ് കാക്കൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സഹോദരിയുടെ മകളെ സംഗീത് മര്‍ദിക്കുന്നതറിഞ്ഞ് അമ്മാവനായ അനില്‍കുമാര്‍ അന്വേഷിക്കാനെത്തിയപ്പോള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പരാതി. പ്രവാസിയായ അനില്‍കുമാര്‍ രണ്ടാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.