ബംഗളൂരു : മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 26 കാരനെ കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടില്‍ താമസിക്കുന്ന ദീപക് എന്നയാളാണ് അറസ്റ്റിലായത്. ജൂണ്‍ ഒന്നിന് ദീപക് തന്റെ അമ്മ ഫാത്തിമ മേരിയെ (50) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ സഹോദരി ജോയ്സ് മേരിയാണ് അമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
ഫാത്തിമ മേരി പച്ചക്കറികള്‍ വിറ്റ് കുടുംബത്തിന് ഉപജീവനം നടത്തിയിരുന്ന വീട്ടമ്മയാണ്. പതിവുപോലെ വില്‍ക്കാന്‍ പച്ചക്കറി ശേഖരിക്കാന്‍ അവര്‍ ഫാമിലേക്ക് പോയിരുന്നു. ഫാമില്‍ നിന്ന് അമ്മയെ തിരികെ കൊണ്ടുവരാന്‍ ജോയ്സ് മേരി സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ ആരോഗ്യസ്വാമിയെ വിളിച്ച് അമ്മ റോഡരികില്‍ കുഴഞ്ഞുവീണതായി ദീപക് പറഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് ദീപക് സമ്മതിക്കുകയായിരുന്നു.
അമ്മയെ കണ്ടതിന് ശേഷം ദീപക് തനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. തന്റെ പക്കല്‍ പണമില്ലെന്ന് മേരി പറഞ്ഞു. രോഷാകുലനായ പ്രതി മോരി ധരിച്ചിരുന്ന സാരി ഉപയോഗിച്ചുതന്നെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മേരിയുടെ പക്കലുണ്ടായിരുന്ന 700 രൂപ കൈക്കലാക്കി പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.