പത്തനംതിട്ട: അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്‌ഠനെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു ജയിലിലിട്ട സംഭവത്തില്‍ ഡിവൈ.എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി പരിശോധിച്ചു ശരിയാണോ എന്ന് വിലയിരുത്തണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍.
നിലവിലുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. 2019 മേയ് 23 ന് അഭിലാഷ് ജി. നായരെ വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കാര്യം കോയിപ്രം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ ചെന്ന സഹോദരന്‍ അനീഷ് ജി. നായരെ അറസ്‌റ്റ് ചെയ്‌തെന്നാണു പരാതി.
മദ്യലഹരിയില്‍ അനീഷ് അഭിലാഷിനെ അടിച്ചു കൊന്നെന്നാണ് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. പെയിന്റിങ് കരാറുകാരനായ അഭിലാഷിന്റെ കൈയില്‍ മരണ സമയത്ത് ഉണ്ടായിരുന്ന 50,000 രൂപ അപ്രത്യക്ഷമായതിനെക്കുറിച്ച് ഡിവൈ.എസ്.പി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തടിയൂര്‍ സ്വദേശിനി ഷൈലാ മണി സമര്‍പ്പിച്ച പരാതിയിലാണു നടപടി.