തൊടുപുഴ : ഭാര്യയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി പെരുവന്താനം ആനചാരി ഭാഗത്ത് കൊട്ടാരത്തില്‍ ദേവസ്യ എന്ന അപ്പച്ചന്‍ കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ സീത വിധിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2015 മേയ് 26ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ 65കാരി മേരിയെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നിരന്തരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ പ്രതി മദ്യപിച്ചെത്തി പലപ്പോഴും കൊല്ലുമെന്നുപറഞ്ഞ് ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
ഭീഷണി ഭയന്ന് പ്രതിയുടെ മകനും ഭാര്യയും കുട്ടിയും തൊടുപുഴക്ക് താമസംമാറ്റിയിരുന്നു. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പ്രതി മകനോടും മകളോടും ഫോണില്‍കൂടിയും അയല്‍വാസിയുടെ വീട്ടില്‍ചെന്നും പറയുകയുമുണ്ടായി. സംശയം തോന്നിയ അയല്‍വാസി ചെന്നുനോക്കിയപ്പോള്‍ കഴുത്ത് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച് കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ മേരിയെ കാണുകയായിരുന്നു. മക്കളുടെയും അയല്‍വാസികളുടെയും മൊഴികളും സാഹചര്യതെളിവുകളും കേസ് തെളിയിക്കാന്‍ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. പെരുവന്താനം എസ്.ഐ. ആയിരുന്ന ടി.ഡി സുനില്‍കുമാര്‍, പീരുമേട് സി.ഐ പി.വി മനോജ്കുമാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.മനോജ് കുര്യന്‍ ഹാജരായി.