തൊടുപുഴ : തനിച്ച് താമസിച്ചിരുന്ന മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യാ സഹോദരൻ അറസ്റ്റിൽ. കരിമണ്ണൂർ പറമ്പുകാട്ടുമല ചേനപ്പാറ മാലി രാജു(50)നെ കൊലപ്പെടുത്തിയ കേസിൽ ഭാര്യാ സഹോദരൻ പറമ്പുകാട്ടുമല കരോട്ടുപുരയ്ക്കൽ ഉണ്ണി (ഉണ്ണി വൈദ്യൻ- 54)യെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്. രാജുവിന്റെ തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കല്ലു കൊണ്ടുള്ള ഇടിയിൽ തലയോട്ടിയ്ക്കു ക്ഷതമേറ്റ് രക്തം കട്ട പിടിച്ചിരുന്നതായി പോലീസ് പറഞ്ഞു. രാജുവും ഉണ്ണിയുമായി നില നിന്നിരുന്ന വൈരാഗ്യമാണ് കൊലയ്ക്കിടയാക്കിയതെന്ന് കരിമണ്ണൂർ എസ്‌ഐ പി.ടി.ബിജോയ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാജുവും ഭാര്യയും വർഷങ്ങളായി വേർപിരിഞ്ഞു കഴിയുകയാണ്. ഇരുവരും തമ്മിൽ കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി അടുത്ത ദിവസം വരാനിരിയ്ക്കുകയാണ്. സംഭവ ദിവസം മദ്യലഹരിയിൽ ഇതെച്ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ഉണ്ണി കല്ലെടുത്ത് രാജുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് കിടന്ന രാജു രക്തം വാർന്ന് നാലോടെ മരിച്ചു. വൈകിട്ട് നാലേമുക്കാലോടെയാണ് രാജു വീട്ടിൽ മരിച്ചു കിടക്കുന്നതായി നാട്ടുകാർ കാണുന്നത്. തുടർന്ന് ഇവർ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഉണ്ണിയ്ക്കായി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തുന്നതിനിടെ ഇയാൾ കരിമണ്ണൂർ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു.