കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മയായ ശരണ്യയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞുകഴിഞ്ഞു. കാമുകനോടൊപ്പം ജീവിക്കാനാണ് ശരണ്യ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
അതേസമയം ശരണ്യയുടെ കാമുകന്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. ഇതുവരെ ഇയാള്‍ പോലീസിന് മുന്‍പില്‍ ഹാജരായിട്ടില്ല. സ്ഥലത്തില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് കണ്ടിരുന്നുവെന്ന പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളോട് ഹാജരാകാന്‍ അറിയിച്ചത്.
വലിയന്നൂര്‍ സ്വദേശിയായ ശരണ്യയുടെ കാമുകനോട് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യത്തിലാണ് വിശദമായി അന്വേഷണം നടക്കുന്നത്. ഇക്കാര്യം അറിയുന്നതിനായി ശരണ്യയും ഇയാളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.