കണ്ണൂർ : കൊലപാതകത്തിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യൻ പറഞ്ഞു. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു.
പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍ തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും ആദിത്യൻ പറഞ്ഞു. മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് സഹോദരൻ പറയുന്നത്. പോലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു.
വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ പ്രതികരിച്ചു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.
രഖിലിന്‍റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ജോലിക്കായി ഗൾഫിൽ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്പത്തൂർ വഴി പോകാനും ശ്രമം നടന്നിരുന്നു.
രഖിൽ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയിൽ ഇന്‍റീരിയർ ഡിസൈനിംഗ് വർക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ നിന്ന് ഇയാൾ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല.
രഖിൽ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പോലീസ് പരിശോധിക്കുന്നത്. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍ തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും ആദിത്യൻ പറഞ്ഞു.