പാരിപ്പള്ളി: കോണ്‍ഗ്രസ് നേതാവിനു നേരെ കോഴിഫാം ഉടമയുടെ വധശ്രമം. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കാരംകോട് തട്ടാരുകോണം ശ്രീമംഗലത്ത് എന്‍. ജയചന്ദ്രന് നേരെയാണ് വധശ്രമമുണ്ടായതായി പരാതി.
വീട്ടില്‍നിന്ന് കല്ലുവാതുക്കല്‍ പാറ ഭാഗത്തേക്ക് നടന്നുപോകവെയാണ് മാരുതിവാന് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചത്. ഒന്നുരണ്ടുതവണ ഇടിക്കാനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും പലതവണ അക്രമികള്‍ ശ്രമം നടത്തി. ഭയന്ന ജയചന്ദ്രന് അതുവഴിപോയ ചിലരെ വിളിക്കുകയും അവരെത്തി കാറിന്റെ നമ്പര്‍ കുറിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
കാറിന്റെ മുന്നിലും പിന്നിലും വ്യത്യസ്ത നമ്പറായിരുന്നു ഉണ്ടായിരുന്നത്. അതോടെയാണ് സംഭവത്തിന്റെ ഗൗരവം ജയചന്ദ്രനും നാട്ടുകാര്‍ക്കും മനസ്സിലാവുന്നത്. ആളുകള്‍ ബഹളം വെച്ചതോടെ വാനില്‍ വന്നവര്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കുറച്ചകലെയുള്ള ഒഴിഞ്ഞ പറമ്പില്‍ വാന്‍ കണ്ടെത്തി. അടുത്തേക്ക് ചെന്ന ജയചന്ദ്രനെ കാറിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ ചാടിയിറങ്ങി വാളുപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഓടിയടുത്തതോടെ വാന്‍ ഉപേക്ഷിച്ച് അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
കോഴിഫാമിലെ മാലിന്യംമൂലം ജനജീവിതം ദുസ്സഹമായപ്പോള്‍ നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്കൊപ്പം നിന്നതിന്റെ വിരോധത്തില്‍ ഫാമുടമയാണ് അക്രമത്തിന് പിന്നിലെന്ന് ജയചന്ദ്രന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അക്രമികള്‍ ഉപയോഗിച്ച മാരുതി വാന്‍ പാരിപ്പള്ളി പോലീസ് കസ്റ്റഡിലെടുത്തു.































