കൂണ് കൃഷി എങ്ങനെ ചെയ്യാം, മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി. ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂണ്‍ കൃഷി ചെയ്യാവുന്നതാണ്. ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന കൂണ്‍ ഇനങ്ങള്‍.
കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും ആദായകരമായി വളര്‍ത്താന്‍ യോജിച്ചതാണ് ചിപ്പിക്കൂണ്. ഇത് വളര്‍ത്താന്‍ വൈക്കോല്‍, മരപ്പൊടി എന്നിവ വേണം. അധികം പഴക്കമില്ലാത്ത സ്വര്‍ണ്ണ നിറമുള്ള നല്ല വൈക്കോലാണ് ആവശ്യം. ഇത് ചുരുട്ടിയോ, ചെറു കഷ്ണങ്ങളായി മുറിച്ചോ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കിയ വൈക്കോല്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ മുക്കിവെക്കണം.
തുടര്‍ന്നു വെള്ളം വാര്‍ത്ത് അല്പം ഉയര്‍ന്ന സ്ഥലത്ത് വെക്കുക. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഈ വൈക്കോല്‍ ഒരു വലിയ പാത്രത്തില് അര മുതല്‍ മുക്കാല്‍ മണിക്കൂര്‍ നേരം തിളപ്പിക്കണം. ആവിയില്‍ പുഴുങ്ങി എടുത്താലും മതി. ഇത് വൃത്തിയുള്ള ഒരു സ്ഥലത്തു 7-8 മണിക്കൂര്‍ നിരത്തിയിടുക. പാകമാക്കിയ വൈക്കോല്‍ മുറുകെ പിഴിയുമ്പോള്‍ കൈയില്‍ ഈര്‍പ്പം പറ്റാത്ത അവസ്ഥയാണ് പാകമെന്നോര്‍ക്കണം.
ബെഡ്ഡുകള്‍ തയ്യാറാക്കാന്‍ 30 സെ.മീ വീതിയും 60 സെന്റീ മീറ്റര്‍ നീളവുമുള്ള പോളിത്തീന്‍ കവറുകള്‍(200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടര്‍ത്തിവെച്ച് അതിലൂടെ ആദ്യം ഒരു വയ് ക്കോല്‍ ചുരുള്‍ കൈകൊണ്ട് അമര്‍ത്തിവെക്കുക. അതിനുമീതെ വശങ്ങളില്മാത്രം കൂണ്‍ വിത്ത് വിതറണം.
ഇതിനുമീതെ അടുത്ത വയ് ക്കോല്‍ചുരുള്‍ വെക്കുക. ഇതിന്റെ വശങ്ങളിലും കൂണ്‍ വിത്ത് വിതറണം. ഇങ്ങനെ മൂന്നോ നാലോ തട്ട് വരെ ഒറ്റ കവറില്‍ നിറയ്ക്കാം. ഏറ്റവുംമുകളില് നന്നായി കൂണ് വിത്ത് വിതറിയിട്ട് ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവര്‍ മുറുക്കിക്കെട്ടണം. അണുവിമുക്തമാക്കിയ ഒരു മൊട്ടു സൂചികൊണ്ട് കവറിന്റെ വശങ്ങളില്‍ ചെറുസുഷിരങ്ങള്‍ ഇട്ടതിനുശേഷം കൂണ്‍ തടങ്ങള്‍ വൃത്തിയുള്ള ഇരുട്ടു മുറിയില്‍ തൂക്കിയിടുക.
12-15 ദിവസത്തിനുള്ളില് കൂണ്‍ തന്തുക്കള്‍ കവറിനുള്ളില്‍ വളര്‍ന്ന് വ്യാപിക്കും. ഹാന്ഡ് സ്പ്രേയര്‍ ഉപയോഗിച്ച് വെള്ളം തളിച്ച് ബെഡ്ഡില് നനവ് നിലനിര്‍ത്തണം. ഒരു ബ്ലേഡ് കൊണ്ട് തടത്തില് ചെറിയ കീറലുകള്‍ ഉണ്ടാക്കണം. ഇനി തടങ്ങള്‍ സാമാന്യം ഈര്പ്പവും വെളിച്ചവുമുള്ള മുറിയിലേക്ക് മാറ്റാം. ദിവസവും രണ്ടുനേരം നനയ്ക്കണം. 3-4 ദിവസംകൊണ്ട് കൂണ് പുറത്തേക്കുവളരും. അപ്പോള് വിളവെടുക്കാം. ബെഡ്ഡുകള് വീണ്ടും അല്പം വെള്ളംനനച്ചു സൂക്ഷിച്ചാല് നാലഞ്ചുദിവസം കഴിയുമ്പോള് വീണ്ടും കൂണുകള് മുളച്ചുവരുന്നത് കാണാം. ഇങ്ങനെ മൂന്നുപ്രാവശ്യംവരെ ഒരു കൂണ്തടത്തില്നിന്ന് വിളവെടുക്കാം.
തൂവെള്ളനിറമുള്ള പാല്ക്കൂണുകളും വളര്‍ത്താം. ചെറിയ വ്യത്യാസമുണ്ടെന്നുമാത്രം. തടങ്ങള്‍ തയ്യാറാക്കുന്നത് അതുപോലെത്തന്നെ. ഇതില് കൂണ്വിത്ത് വശങ്ങളില്‍ മാത്രമല്ല, മധ്യഭാഗത്തു മുഴുവനായി വിതറും. ഒരു കവറില്‍ മൂന്ന് ചുരുള് വെച്ചാല് മതി. 15-20 ദിവസംകൊണ്ട് വിത്ത് വളര്ച്ച പൂര്‍ത്തിയാകും. പൂര്‍ണ വളര്‍ച്ചയെത്തിയ ബെഡ്ഡുകളുടെ മുകള്‍ഭാഗത്തെ കവര്‍ വൃത്താകൃതിയില്‍ മുറിച്ചുമാറ്റി കേയ്സിങ് ചെയ്യണം.
കമ്പോസ്റ്റ്, മണല്, മണ്ണ് എന്നിവ തുല്യ അനുപാതത്തില്‍ എടുത്ത് രണ്ട് ശതമാനം കാല്‍സ്യം കാര്ബണേറ്റും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം 30-40 ശതമാനം ഈര്‍പ്പം കൊടുത്തു ഒരു മണിക്കൂര്‍ ആവിയില് വെച്ചു തണുപ്പിച്ചു ബെഡ്ഡുകളുടെ മുകള്ഭാഗത്തു മുക്കാല്‍ ഇഞ്ച് കനത്തില് പൊതിയുന്ന പ്രവൃത്തിയാണ് കേയ്സിങ്. ഇവ 10-12 ദിവസം ഈര്പ്പം നഷ്ടമാകാതെ വായുകടക്കുന്ന മുറിയില് സൂക്ഷിക്കണം. ഇടയ്ക്കു വെള്ളം തളിക്കണം. 7-8 ദിവസംകൊണ്ട് വളര്ന്നു വിളവെടുക്കാന് പാകമാകും. ഒരാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യം വിളവെടുക്കാം.