പത്തനംതിട്ട : ലോകത്തിന്റെ മാതൃകയായ പ്രവാചകൻ മുഹമ്മദ് നബിയെ ഹീനമായി ആക്ഷേപിച്ച ബിജെപി നേതാക്കളെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പത്തനംതിട്ട മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എച്ച് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിസ്ക്വയറിൽ നടന്ന പ്രതിഷേധയോഗം പത്തനംതിട്ട മുസ്ലിം ജമാ അത്ത് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു.
ലോകരാജ്യങ്ങള്‍ക്ക് മുമ്പിൽ ഭാരതത്തെ താറടിക്കുകയും രാജ്യത്തിന്റെ യശസ്സ് തകർക്കാനുമായി നടത്തുന്ന ഗൂഡനീക്കങ്ങളെ തിരിച്ചറിയണമെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും നാനാത്വത്തിൽ ഏകത്വവും സംരക്ഷിക്കണമെന്നും അബ്ദുൽ ഷുക്കൂർ മൗലവി പറഞ്ഞു. ജമാഅത്ത് കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു.