തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര നിർദേശം. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നും മുന്നണി മര്യാദകൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച കേന്ദ്ര കമ്മിറ്റിയുടെ നിലപാട് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ ഔദ്യോഗികമായി അറിയിക്കും. സിപിഐക്ക് പൂർണമായും അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിലപാട്. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി വരുന്നത് ഒഴിവാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം എംഎൽഎ തന്നെയായിരിക്കും പ്രതിപക്ഷ ഉപനേതാവ് എന്ന പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രസ്താവനയിലും ചില നേതാക്കളുടെ അഭിപ്രായപ്രകടനത്തിലും അഖിലേന്ത്യാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഐയെ അനുനയിപ്പിക്കാനായി തൽക്കാലത്തേക്ക് ഉപനേതാവ്പദവി ആർക്കും നൽകാതെ ഒഴിച്ചിടുകയോ അല്ലെങ്കിൽ ചർച്ചകൾ തുടരുകയോ ചെയ്യുന്ന രീതിയിലുള്ള ഒരു ഫോർമുലയിലേക്കും കാര്യങ്ങൾ നീങ്ങിയേക്കാം. ഔദ്യോഗികമായി നിർദേശങ്ങൾ വന്നാൽ പാർട്ടി കമ്മിറ്റികളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.






























