തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് സിപിഐ. പദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നാണ് സിപിഐയുടെ പ്രധാന നിലപാട്. പിണറായി വിജയനുമായി നേരിട്ട് ചർച്ച നടത്തില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരസ്യ പ്രതികരണങ്ങൾ ഏറെ വേദനിപ്പിച്ചിരുന്നു എന്ന് സിപിഐ.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സിപിഐയുടെ രാഷ്ട്രീയ അംഗീകാരമെന്ന ആവശ്യത്തെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞതിലാണ് പാർട്ടിക്ക് അമർഷമുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള ചർച്ചകൾ ഒഴിവാക്കുന്നത്. നേരത്തെ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അദ്ദേഹം സിപിഐയുടെ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ നേരിട്ടെത്തി ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. എം.വി. ഗോവിന്ദനും ആദ്യം ആവശ്യം തള്ളിയെങ്കിലും പിന്നീട് ചർച്ചയ്ക്ക് വഴിയുണ്ട് എന്ന രീതിയിലാണ് പ്രതികരിച്ചത്.
തർക്കം താൽക്കാലികമായി പരിഹരിക്കുന്നതിന് വേണ്ടി ഉപനേതാവ് പദവി ഒഴിച്ചിടാം എന്നൊരു നിലപാട് കഴിഞ്ഞ ദിവസം സിപിഎം സ്വീകരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകൾ ഇനിയും ബാക്കിയുള്ളതിനാൽ അത് സിപിഎം സംസ്ഥാന സെക്രട്ടറിയുമായും എൽഡിഎഫ് കൺവീനറുമായും മാത്രമായിരിക്കുമെന്നാണ് സിപിഐ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
































