വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ‘ഫ്യൂസ്’ കെഎസ്ഇബി അധികൃതർ ഊരി. കുടിശികയുള്ള 3024 രൂപ അടയ്ക്കാത്തതിനെ തുടർന്നാണു നടപടി. എന്നാൽ സ്മാർട് മീറ്റർ ഉള്ള കാര്യാലയമായതിനാൽ സർക്കാർ ഒന്നിച്ചു തുക അടയ്ക്കുന്ന സംവിധാനമാണു നിലവിലുള്ളതെന്നും വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിനും അതു ബാധകമാണെന്നും പലതവണ അക്കാര്യം സൂചിപ്പിച്ചിട്ടും പരിഹരിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ഏപ്രിലിലാണ് വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിൽ സ്മാർട് മീറ്റർ സ്ഥാപിച്ചത്. എന്നാൽ തുടർന്നുള്ള മാസങ്ങളിലും ബിൽ വന്നു.
ഇതുവരെ ജീവനക്കാർ കയ്യിൽ നിന്നെടുത്തു തുക അടച്ചു. ഈ മാസവും ബിൽ വന്നപ്പോൾ കെഎസ്ഇബിയുടെ ശ്രദ്ധയിൽപെടുത്തി ഇനി ഉദ്യോഗസ്ഥർ അടയ്ക്കില്ലെന്നു അറിയിച്ചു. തുടർന്നാണ് ഇന്നലെ വൈകിട്ടു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. വണ്ടൂർ, നിലമ്പൂർ, മേലാറ്റൂർ, അരീക്കോട് വിദ്യാഭ്യാസ ഉപജില്ലകളിലെ 31 ഗവ. സ്കൂളുകളുടെയും 20 എയ്ഡഡ് സ്കൂളുകളുടെയും 14 എൺ എയ്ഡഡ് സ്കൂളുകളുടെയും ഫയലുകൾ പരിശോധിക്കേണ്ടതുൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യേണ്ട കാര്യാലയമാണിത്. വൈദ്യുതി മുടങ്ങിയതോടെ ഓൺലൈനായി ചെയ്യേണ്ട പലകാര്യങ്ങളും മുടങ്ങും.
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരമടക്കം പ്രാധ്യാന്യമുള്ള ഫയലുകളിൽ തുടർപരിശോധനകൾ വേണ്ടിവരുന്ന സമയത്താണു വിദ്യാഭ്യാസ ജില്ലാ കാര്യാലയം ഇരുട്ടിൽ തപ്പുന്നത്. സ്മാർട് മീറ്റർ സ്ഥാപിച്ച മറ്റു സർക്കാർ കാര്യാലയങ്ങളിൽ ഇപ്പോൾ തുക അടയ്ക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ ജില്ലാ കാര്യാലയവും ആ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നുമാണ് അധികൃതരുടെ ആവശ്യം.
































