വയനാട് : മുത്തങ്ങ ചെക്പോസ്റ്റിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ഉദ്യോഗസ്ഥർ വീർപ്പുമുട്ടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികൾ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇവിടെ ക്യുവിൽ നിൽക്കുന്നത്. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ആളുകൾ വൻതോതിൽ വരാൻ തുടങ്ങിയതാണ് പുതിയ വെല്ലുവിളി. സാമൂഹിക അകലം പാലിക്കാനാകാതെ ഇന്നലെ കിലോമീറ്ററുകളോളം ആളുകൾ ക്യു നിന്നു. പാസുമായി വരുന്നവർ അനുമതി ലഭിക്കാത്തവരെയും കൂടെ കൂട്ടുന്നുണ്ട്. ഇതും പ്രശ്നം രൂക്ഷമാക്കുന്നുവെന്ന് കളക്ടർ പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറ് മണി വരെ എത്തിയവരെ കടത്തിവിടാനുള്ള പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഒരു ദിവസം 500 പേരെ കടത്തി വിടാമെന്നായിരുന്നു ഇന്നലെ വരെ തീരുമാനിച്ചത്. ഇന്ന് മുതൽ 1000 പേരെ വരെ കടത്തിവിടും. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.