കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിലെ അന്യായമായ പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് സിഐടിയു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു. പണത്തിന്റെ ഹുങ്കുകൊണ്ട് എന്തും ആവാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
52 ദിവസത്തെ പണിമുടക്കിനുശേഷം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞമാസം ഏഴിന് 43 ബ്രാഞ്ചുകള്‍ പൂട്ടുന്നതായും 166 ജീവനക്കാര്‍ പിരിഞ്ഞു പോവണമെന്നും മാനേജ്മെന്റ് നോട്ടീസ് നല്‍കി. യൂണിയന്‍ സെക്രട്ടറിയും പ്രവര്‍ത്തകരും ജോലി ചെയ്യുന്ന ബ്രാഞ്ചുകള്‍ തെരഞ്ഞെടുത്താണ് അടച്ചുപൂട്ടിയത്. യാതൊരു നിയമവ്യവസ്ഥയും പാലിക്കാതെയായിരുന്നു മാനേജ്മെന്റ് നടപടിയെന്നും എളമരം കരീം ആരോപിച്ചു.