കോന്നി : മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടും കുലുക്കമില്ലാതെ കോന്നി മുത്തൂറ്റ് ഹോണ്ട. കോന്നി ആനക്കൂട് റോഡിലെ ഇരുചക്ര വാഹന ഷോറൂമിലെ മൂന്നു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അതിനുശേഷം അവിടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റു ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുവാനോ ഷോറൂമില്‍ അണുനശീകരണം നടത്തുന്നതിനോ ഉടമകള്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ ഷോറൂമിലെ ജീവനക്കാരിലേക്ക് രോഗം പടരുകയാണ്.
മൂന്നു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയാതെ നിരവധിയാളുകള്‍ ഈ ഷോറൂമില്‍ ഒരാഴ്ചയായി ചെന്നിരുന്നു. ഇത് വലിയതോതില്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. രോഗവിവരം പുറത്തു പറയരുതെന്ന കര്‍ശന നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജോലി പോകുമെന്ന ഭയത്തില്‍ ആരും ഇത് പുറത്തു പറയുന്നില്ല. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ജീവനക്കാരെ പരിശോധനക്ക് പോലും വിടാറില്ല. വിട്ടാല്‍ പരിശോധനാഫലം വന്നാലും ഇല്ലെങ്കിലും അടുത്ത ദിവസം ജോലിക്ക് കയറണം.
കോന്നി മുത്തൂറ്റ് ഹോണ്ടയിലെ മൂന്നു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും ആരോഗ്യപ്രവര്‍ത്തകരും പോലീസും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മാനേജ്മെന്റിന്റെ ഉന്നത സ്വാധീനമാണ് ഇതിനുകാരണം. എന്നാല്‍ ചെറിയൊരു വ്യാപാരസ്ഥാപനത്തില്‍ എത്തിയ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ആ വ്യാപാരസ്ഥാപനം പൂട്ടിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തും. പരിശോധനയും ഫൈനും അടിച്ചേല്‍പ്പിക്കുന്നത് കൂടാതെ കൊലപാതകിയോടെന്ന നിലയിലുള്ള പെരുമാറ്റവും ഉണ്ടാകും. ഇവിടെ ആഴ്ച ഒന്നു കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് മൌനമാണ്. ദിവസേന ഗോഗം വ്യാപിക്കുകയാണ്. ആദ്യം ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ മറ്റു രണ്ടുപേരിലേക്ക് കൂടി രോഗം പടര്‍ന്നു. എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയാല്‍ രോഗവ്യാപനത്തിന്റെ യഥാര്‍ഥ തീവ്രത അറിയാന്‍ കഴിയും. കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി നിരവധിയാളുകള്‍ ഈ ഷോറൂമില്‍ കയറിയിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും രോഗികളാകാനുള്ള സാധ്യത വളരെയാണ്.