പത്തനംതിട്ട : പത്തനംതിട്ട വില്ലേജിലെ റീസര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചത് മുത്തൂറ്റ് ആശുപത്രിയുടെ കൈവശത്തിലിരിക്കുന്ന പൊതുവഴി സംരക്ഷിക്കാനാണെന്ന ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകനായ മനോജ് കാര്‍ത്തിക. കേരളത്തില്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുവാനുള്ള ചുരുക്കം വില്ലേജുകളില്‍ ഒന്നാണ് പത്തനംതിട്ട. പരാതികള്‍ ഉയരുമ്പോള്‍ റീസര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കുന്നതില്‍ ഏറെ ദുരൂഹതയുണ്ടെന്നും മനോജ് കാര്‍ത്തിക പറഞ്ഞു.
പത്തനംതിട്ട മുനിസിപ്പാലിറ്റി ഇരുപത്തി അഞ്ചാം വാർഡിലെ A1-A1 റിംഗ് റോഡിനെയും കല്ലറകടവ് – അമൃത സ്കൂള്‍ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുവഴി (മുത്തൂറ്റ് ആശുപത്രിയുടെ സൈഡില്‍ക്കൂടിയുള്ള വഴി) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റീസർവേയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകനായ മനോജ് കാർത്തിക റീസർവേ ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇത് പൊതു വഴിയാണെന്ന് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും പരാതിയോടൊപ്പം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് റീസര്‍വ്വേ സൂപ്രണ്ട് വിചിത്രമായ മറുപടി പരാതിക്കാരന് നല്‍കിയത്. തെളിവുകള്‍ സഹിതം നല്‍കിയ പരാതി പരിഹരിക്കുന്നതിനു പകരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പത്തനംതിട്ട വില്ലേജിലെ റീസർവ്വേ നടപടികള്‍ നിർത്തി വെച്ചിരിക്കുന്നു എന്നാണ് റീസർവേ ഓഫീസിൽ നിന്നും ഇന്ന് രേഖാമൂലം മറുപടി നല്‍കിയത്.
നഗര പ്രദേശത്ത് തന്നെ കയ്യേറ്റങ്ങള്‍ ഏറെയുള്ള സ്ഥലവുമാണ് പത്തനംതിട്ട വില്ലേജ്. നഗരസഭയുടെ കൈവശത്തിലുള്ള ഭൂമിയൊക്കെ സ്വകാര്യ വ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുമ്പഴ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഭൂമിയില്‍ വലിയൊരളവ് സ്വകാര്യ വ്യക്തികള്‍ കയ്യടക്കിക്കഴിഞ്ഞു. ഇടത് വലതു മുന്നണികളുടെ ഒത്താശയോടെയാണിത്. കയ്യേറിയ സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്കിയതും പത്തനംതിട്ട നഗരസഭയാണ്. നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ കയ്യേറിയിട്ടും ഭരണ പക്ഷത്തിനോ പ്രതിപക്ഷത്തിനോ പരാതിയില്ല.