മലപ്പുറം: വയനാട് മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികളായ മൂന്ന് പേര്‍ അറസ്റ്റില്‍. മുട്ടില്‍ വാഴവറ്റയില്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് പോകുന്നതിനിടയില്‍ കുറ്റിപ്പുറം പാലത്തിന് സമീപം തിരൂര്‍ ഡിവൈ.എസ്.പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മുട്ടില്‍ മരംമുറി കേസിലെ പ്രധാന പ്രതികളാണ് അറസ്‌റ്റിലായവര്‍.
പോലീസ് കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ ഇവരുടെ അമ്മ മരിച്ചിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്നും ചടങ്ങ് തീരും വരെ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് അറസ്റ്റ്. അതെ സമയം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. നാളെ പകല്‍ 11.30 നാണ് സംസ്‌കാരം.