കോട്ടയം : മൂവാറ്റുപുഴ സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ച ഫോര്‍മുല യുഡിഎഫ് അംഗീകരിക്കാനാണ് സാധ്യത. അതേസമയം, 10 സീറ്റ് ഉറപ്പിക്കാന്‍ ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം തുടരും. സീറ്റ് ചര്‍ച്ചയ്ക്ക് മുന്‍പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കാണും.
ഇന്ന് വൈകിട്ടാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക. അതിന് മുന്നോടിയായാണ് മോന്‍സ് ജോസഫും ഫ്രാന്‍സീസ് ജോര്‍ജും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക. ഒന്‍പത് സീറ്റേ ജോസഫ് വിഭാഗത്തിന് നല്‍കാനാകൂ എന്ന നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ 10 സീറ്റുകളെങ്കിലും വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.